തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥികൾക്ക് സമഗ്ര ലൈംഗികതാ വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പും തിരുവനന്തപുരം ജില്ലാ ഭരണകൂടവും കനൽ ഇന്നോവേഷൻസ് ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായി നടപ്പാക്കുന്ന പ്രൊജക്ട് എക്സ് പദ്ധതിയുടെ മൂന്നാം ഘട്ടത്തിന് തുടക്കമായി. കട്ടേല ഡോ.അംബേദ്കർ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ ഹയർസെക്കണ്ടറി സ്കൂൾ ഫോർ ഗേൾസിൽ നടന്ന ചടങ്ങിൽ പ്രൊജക്ട് എക്സ് മൂന്നാം ഘട്ട പ്രവർത്തനങ്ങളുടെ ജില്ലാ തല ഉദ്ഘാടനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു.
ലൈംഗിക വിദ്യാഭ്യാസം കുട്ടികളുടെ വളർച്ചയുടെയും വികാസത്തിന്റെയും അത്യന്താപേക്ഷിത ഘടകമാണെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. സമഗ്ര ലൈംഗിക വിദ്യാഭ്യാസത്തിലൂടെ മികച്ച തീരുമാനങ്ങൾ എടുക്കുന്നതിനും സ്വയം പരിരക്ഷിക്കുന്നതിനും ആരോഗ്യകരമായ ബന്ധങ്ങൾ കെട്ടിപ്പടുക്കുന്നതിനും കുട്ടികളെ സജ്ജരാക്കുകയാണ്. പ്രൊജക്ട് എക്സ് നൽകുന്ന പരിശീലനത്തിലൂടെ, വിദ്യാർത്ഥികൾക്ക് വ്യക്തിപരമായ ശുചിത്വം, ആരോഗ്യകരമായ ബന്ധങ്ങൾ, ലൈംഗിക ചൂഷണം, ലഹരി വസ്തു ദുരുപയോഗം തുടങ്ങിയ അപകടങ്ങളിൽ നിന്ന് അവരെ സംരക്ഷിക്കുന്ന നിർണായക ജീവിത നൈപുണ്യങ്ങൾ എന്നിവയെക്കുറിച്ച് വിലപ്പെട്ട അറിവ് ലഭിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു.
ഉയർന്ന അക്കാദമിക്, പരിശീലന നിലവാരം പുലർത്തുന്ന പ്രൊഫഷണൽ കൗൺസിലർമാരുടെ സാന്നിധ്യം പദ്ധതിയുടെ ശക്തി വർധിപ്പിക്കുന്നുവെന്നും ഇത്തരം പരിവർത്തന സംരംഭങ്ങൾക്ക് എല്ലാവിധ പിന്തുണയും സർക്കാർ നൽകുമെന്നും മന്ത്രി അറിയിച്ചു.
സ്കൂളുകളിലെ കൗൺസിലർമാരുടെ കുറവ് നികത്തുന്നതുനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. കുട്ടികൾക്കെതിരെയുള്ള ചൂഷണങ്ങൾ സാമൂഹികപ്രശ്നമായി കണക്കാക്കണമെന്നും വിദ്യാർത്ഥികൾക്കെതിരായ ചൂഷണങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ വിദ്യാഭ്യാസ വകുപ്പ് സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ചടങ്ങിൽ സമഗ്ര ലൈംഗിക വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കൈപുസ്തകം മന്ത്രി വി ശിവൻകുട്ടി മോഡൽ റസിഡൻഷ്യൽ സ്കൂളിലെ വിദ്യാർത്ഥികൾക്ക് നൽകി പ്രകാശനം ചെയ്തു.
കേരളത്തിന്റെ ആദ്യത്തെ സമഗ്ര ലൈംഗികതാ വിദ്യാഭ്യാസ ക്യാംപയിനിൽ പ്രായാധിഷ്ഠിതമായ ക്ലാസുകളാണ് വിദ്യാർത്ഥികൾക്ക് നൽകുന്നത്. മനുഷ്യ ശരീരത്തിൽ കൗമാര കാലഘട്ടത്തിൽ വരുന്ന മാറ്റങ്ങൾ, തലച്ചോറിന്റെ വളർച്ച, ലൈംഗിക- പ്രത്യുൽപാദന ആരോഗ്യം, ലിംഗപദവി, ലിംഗഭേദം, ലിംഗ സ്വത്വം, വ്യക്തി ബന്ധങ്ങൾ, അതിർവരമ്പുകൾ, അനുവാദം, പോക്സോ, ജുവനൈൽ ജസ്റ്റിസ് ഉൾപ്പെടെ കുട്ടികളുമായി ബന്ധപ്പെട്ട നിയമങ്ങൾ, വിവര സാങ്കേതിക വിദ്യാ നിയമം 2000, ആത്മാഭിമാനം എന്നീ വിഷയങ്ങളാണ് ക്യാംപെയിനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ആദ്യ ഘട്ടത്തിൽ തിരുവനന്തപുരം ജില്ലയിലെ ഹൈസ്കൂൾ, ഹയർസെക്കണ്ടറി ഉൾപ്പെടെ 50 സ്കൂളുകളിലെ 5,530 വിദ്യാർത്ഥികൾക്കാണ് പരിശീലനം നൽകിയത്. രണ്ടു മണിക്കൂർ ദൈർഘ്യമുള്ള ക്ലാസുകളിൽ, പരിശീലനത്തിന്റെ ഭാഗമായി കുട്ടികളുടെ അറിവ് മനസിലാക്കുന്നതിനായി പ്രീ സെഷൻ, പോസ്റ്റ് സെഷൻ അസെസ്മെന്റുകളും നടത്തുന്നു.
രണ്ടാം ഘട്ടത്തിൽ ഈ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിനായി ജില്ലയിലെ 100 സ്കൂളുകളിലെ 200 അധ്യാപകർക്ക് പരിശീലനം നൽകി. മൂന്നാം ഘട്ടത്തിൽ തിരഞ്ഞെടുക്കപ്പെട്ട 150 സ്കൂളുകളിലെ 15,000 വിദ്യാർഥികൾക്ക് സമഗ്ര ലൈംഗികതാ വിദ്യഭ്യാസം നൽകുകയാണ് ലക്ഷ്യം. ഡിസ്ട്രിക്ട് ഡെവലപ്മെന്റ് കമ്മീഷണർ അധ്യക്ഷനായ കമ്മിറ്റിയാണ് ജില്ലാതലത്തിലെ നടത്തിപ്പിന്റെ ചുമതല.
കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അധ്യക്ഷനായിരുന്നു. ജില്ലാ കളക്ടർ അനുകുമാരി , സബ്കളക്ടർ ആൽഫ്രഡ് ഒ.വി, അസിസ്റ്റന്റ് കളക്ടർ സാക്ഷിമോഹൻ, തിരുവനന്തപുരം നോർത്ത് എ.ഇ.ഒ സജി വി.എസ്, എം.ആർ.എസ് സൂപ്രണ്ട് ഷിനു എസ്, ഗൈഡ് ഹൗസ് ഇന്ത്യ കൺട്രി പാർട്നർ മഹേന്ദ്ര സിങ് റാവത്, കനൽ ഇന്നോവേഷൻസ് ഡയറക്ടർ ആൻസൺ പി.ഡി അലക്സാണ്ടർ, പ്രോജക്ട് എക്സ് കോർഡിനേറ്റർ നിമ്മി അഗസ്റ്റിൻ എന്നിവരും പങ്കെടുത്തു.
Pinarayi government should stop teaching sex to children.... Project X is coming….